Friday, March 12, 2010

ഫ്രെയിമില്‍ ഇല്ലാത്തത്.



ചില വൈകുന്നേരങ്ങളില്‍ വെറുതെ ജാലക കാഴ്ച്ചയില്‍
തെളിയുന്ന തെരുവ്, അപ്പോഴെല്ലാം പതിവായി കാണാറുണ്ട്‌,
മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലിനു പുറത്തു
കൈവിരലുകള്‍ തിരിച്ചും മറിച്ചും നോക്കി നോക്കി
മണിക്കൂറുകളോളം നില്‍ക്കുന്നോരാള്‍.
കുട്ടിക്കാലത്ത് വീട്ടു മുറ്റത്ത്‌ വന്നു നിന്ന് വെള്ളം എന്ന് ആംഗ്യം
കാട്ടുമ്പോഴൊക്കെ പേടിച്ചോടിയതിനും അകാരണമായി
വെറുത്തതിനും പകരം പലവട്ടം ചിരിക്കാന്‍ നോക്കിയിട്ടുണ്ട്.
പക്ഷെ,അപസ്മാരത്തിന്റെ ചിതറലുകളില്‍ ഒരിക്കല്‍ മാത്രമേ
നിസ്സംഗത അല്ലാത്തൊരു ഭാവം ആ മുഖത്ത് ഞാന്‍ കണ്ടുള്ളൂ.
എന്തിനെന്നറിയാതെ കുറേ ചിത്രങ്ങള്‍ എടുത്തു വെച്ചു.
ഫ്രെയിമില്‍ ഇല്ലാത്ത ആരുടെയോ വരവോ കാലൊച്ചയോ
ഉള്ള ഈ ചിത്രം ബ്ലോഗിനെന്നു മനസില്‍ കുറിച്ചു.
തലക്കെട്ടെഴുതി മാറ്റി വെച്ച ആ രാത്രി പുലര്‍ന്നത്
ഈ ജീവിതത്തിന്‍റെ അസ്തമയത്തിലേയ്ക്ക്!
മയ്യത്ത് കണ്ടിറങ്ങുമ്പോള്‍ തോന്നി മരണം കൊത്തി വെച്ച
ഒരു തണുത്ത ചിരിയുണ്ടോ ആ മുഖത്ത്?

യാദൃശ്ചികതകളുടെ ഘോഷയാത്രയാണ് ജീവിതം.
നമ്മളോ അതു കടന്നു പോകുന്ന വെറും തെരുവും.

Thursday, March 4, 2010

വാക്കില്ലാതെ


ഉറഞ്ഞു പോയ കൃഷ്ണ മണികളില്‍ നിന്നും
ഇറങ്ങി വന്ന കടല്‍ ഹിമക്കട്ടയാവുന്നു,
ഒടുവിലെ വാക്കിലേയ്ക്ക് പിളരുമ്പോള്‍ അറിയുന്നു,
മരണത്തോളം ആഴമുള്ള ചില നിലവിളികളുണ്ട്
നിശബ്ദത കൊണ്ടു മാത്രം ധ്വനിപ്പിക്കാനാവുന്നത്.

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP