Tuesday, April 28, 2009

എന്റെ കരയേ, മരമേ, ആകാശമേ



മുറിച്ചെടുത്ത പോലെ ഒഴുകി നിര്‍ത്തിയതാണ്.
ആഴം കൊണ്ട് അമര്‍ത്തി പിടിച്ച വേഗം
അടിയില്‍ കുതറുമ്പോള്‍,
എന്‍റെ ജലമേയെന്നു കരയ്ക്ക്‌ കണ്ണ് നിറയുന്നു.
ഒരു നിഴല്‍ കൊണ്ട് എത്ര നാളിങ്ങനെ
നിന്നില്‍ വീണു കിടക്കുമെന്നൊരു മരം.
മുറിച്ചു മുറിച്ചു തോറ്റു പോയ മുനകളൊക്കെ
വെള്ളാരം കല്ലിന്‍റെ മിനുപ്പായി ചിതറികിടപ്പുണ്ട്.
ഇങ്ങനെ കെട്ടി കിടക്കുമ്പോള്‍
മരണം പോലെ തണുക്കുന്നു.
എത്ര പക്ഷികളുടെ നിറം തുന്നിയ
തൂവലാണീ പുതപ്പെന്നൊരു മേഘം
വന്നിറങ്ങി പുതയ്ക്കുന്നു.

Sunday, April 19, 2009

വെയില്‍പ്പൂച്ച


നാട്ടിലെ പഴയ അടുക്കള വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍
തകര്‍ന്നു കിടക്കുന്ന ഒരു വിറകു പുരയാണ്.
ഇവിടെയാണ്‌ ഇനി വരാത്ത മണങ്ങളും രുചിയും
എന്നെ ഊട്ടിയത്,
അന്ന് തിരിച്ചറിയാതെ പോയ സ്നേഹം ഇലവാട്ടി
പൊതികെട്ടി തന്നത്,
വിറകും തൊണ്ടും കുന്നുകൂടിയ ഇരുട്ടില്‍
വെറുതെ തിരയുമ്പോള്‍
പഴയ ഊണ് മേശയ്ക്കടിയില്‍ നിന്നെന്ന പോലെ
ഇറങ്ങി വന്നതാണീ പൂച്ച
ഞാനിപ്പഴും ഇവിടെ തന്നെ എന്ന് പറയും പോലെ...
പച്ച കെടാത്ത വിറകൂതി ആരോ അടുപ്പ് കത്തിക്കുന്നുണ്ടോ,
കണ്ണുകള്‍ വെറുതെ...

Sunday, April 12, 2009

കലത്തിന്റെ കഴുത്തിലെ നീരു വറ്റിയ വറ്റ്‌



നിന്റെ നനവ്
ഇപ്പോഴും
ബാക്കിനില്‍ക്കുന്നതവാം
തീയാളിയിട്ടും
ചൂടേറിയിട്ടും
ഞാനിങനെ
അടര്‍ന്ന്‌ പോവാതെ
ഒട്ടിയിരിക്കുന്നത്‌
- നജൂസിന്റെ കവിത

Thursday, April 2, 2009

അടുക്കള



“കരിഞ്ഞും തിളച്ചു തൂവിയും
ഗന്ധമറിയിക്കുന്ന സ്വപ്നങ്ങളെ,
എത്ര എരിഞ്ഞിട്ടും
പാകമാകാത്ത ജീവിതമേ”

Followers

FEEDJIT Live Traffic Feed

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP